കൊറോണ വ്യാപനം തുടർന്നാൽ ഓഗസ്റ്റ് രണ്ടാം വാരത്തോടെ രാജ്യത്ത് ഇരുപതു ലക്ഷം രോഗികളാകും: രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി: കൊറോണ രോഗ വ്യാപനം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഓഗസ്റ്റ് രണ്ടാം വാരത്തോടെ രാജ്യത്തെ രോഗികളുടെ എണ്ണം ഇരുപതു ലക്ഷത്തോളം ഉയരുമെന്നു കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. നിലവില്‍ രാജ്യത്തെ രോഗികളുടെ എണ്ണം പത്തു ലക്ഷത്തിനും മുകളില്‍ കടന്നിരിക്കുകയാണ്. ഇതു മുന്നില്‍ കണ്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. രാജ്യത്തെ രോഗികള്‍ വളരെ വര്‍ധിച്ചെന്നും ഇത്തരത്തില്‍ ആണെങ്കില്‍ ഓഗസറ്റ് പത്തോടെ ഇതു ഇരുപതു ലക്ഷത്തിലെത്തുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ മതിയായ കൃത്യമായ നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കൊറോണ വൈറസ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് സര്‍ക്കാരിനെ വിമര്‍ശിച്ചു.

നിലവില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കക്കും ബ്രസീലിനും ശേഷം മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 1003832 പേര്‍ക്ക് രാജ്യത്ത് ഇതിനകം രോഗം സ്ഥിരീകരിച്ചു. 25602 പേരോളം കൊറോണ ബാധിച്ചു മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 34956 കൊറോണ കേസുകളും 690 പുതിയ കൊറോണ മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.