ഗുവാഹത്തി: കൊറോണ കെയർ സെന്ററിൽ ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്ന് പരാതി. തുടർന്ന് കൊറോണ ബാധിതരായ രോഗികൾ ദേശീയപാത ഉപരോധിച്ചു. അസമിലെ കാമരൂപ് ജില്ലയിലെ ചാങ്‌സാരിയിലാണ് സംഭവം. തങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും കിടക്കകൾ അപര്യാപ്തമാണെന്നും രോഗികൾ പറഞ്ഞു. ഒരുമുറിയിൽ 10-12 പേരെ വരെ മുറിയിൽ പാർപ്പിച്ചതായും ഇവർ ആരോപിച്ചു. നൂറോളം രോഗികൾ ദേശീയപാത 31 ഉപരോധിക്കുകയായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് കാമരൂപ് ഡെപ്യൂട്ടി കമീഷണർ കൈലാഷ് കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി രോഗികളോട് മാറാൻ ആവശ്യപ്പെട്ടു. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്നും ദേശീയപാതയിൽനിന്ന് കൊറോണ കേന്ദ്രത്തിലേക്ക് മടങ്ങണമെന്നും പൊലീസ് അഭ്യർഥിക്കുകയായിരുന്നു.
രോഗികൾ മടങ്ങിയ ശേഷവും പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ പരാതി പരിശോധിക്കുമെന്നും പരിഹരിക്കാൻ ശ്രമിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ഉറപ്പ് നൽകി. അതേസമയം, കൊറോണ കെയർ സെന്റെറിലെ സൗകര്യങ്ങൾ ഇഷ്ടപ്പെടാത്ത രോഗികൾക്ക് ഹോം ക്വാറൻറീൻ തെരഞ്ഞെടുക്കാമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു.