തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. അവിശ്വാസത്തിന് ചട്ടം 63 പ്രകാരം കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ എംഎല്‍എയാണ് നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ സഭ അവിശ്വാസപ്രമേയം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയത്തിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നിയമസഭ കൂടുന്ന ജൂലായ് 27 ന് പ്രമേയത്തിന് അവതരണാനുമതി നല്‍കണമെന്ന് വിഡി സതീശന്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാൽ പ്രമേയ അവതരണത്തിന് സാങ്കേതിക കാരണങ്ങളാൽ അനുമതി നൽകാൻ ഇടയില്ലെന്നാണ് അറിയുന്നത്. യുഡിഎഫ് തീരുമാനപ്രകാരമാണ് വിഡി സതീശൻ നോട്ടീസ് നൽകിയിരിക്കുന്നത്.
സ്വർണക്കടത്തിൻ്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയർന്ന ഗുരുതര ആരോപങ്ങൾ സർക്കാരിൻ്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതിനാൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ നേരത്തേ അറിയിച്ചിരുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണനെതിരേയും യുഡിഎഫ് പ്രമേയം കൊണ്ടുവരുമെന്നാണ് സൂചന.