സ്വര്‍ണക്കടത്ത് അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. സിനിമാക്കാരെ ഉപയോഗിച്ചും സ്വര്‍ണം കടത്താന്‍ ശ്രമിച്ചെന്നു മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ പുതിയ വഴിത്തിരിവ്. അറസ്റ്റ് ചെയ്ത ഹംജത്ത് അലിയാണ് സിനിമാക്കാരെ ഇതിനായി വളിച്ചത്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ അടക്കമുള്ളവരെ ഇതിനായി വിളിച്ചെന്നും ഹംജത്ത് കസ്റ്റംസിനു മൊഴി നല്‍കി. അന്‍വര്‍ അലി എന്ന പേരിലാണ് ഇവരെ വിളിച്ചതെന്നാണ് ഹംജിത്തിന്റെ മൊഴി. സിനിമാക്കാരെ ഉപയോഗിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം സിനിമാക്കാരുടെ വാഹനത്തില്‍ കടത്താനായിരുന്നു പദ്ധതി. ഇതിനായി ഇവരുടെ ഫോണ്‍ നമ്പറുകള്‍ സംഘടിപ്പിക്കുകയും ഒട്ടു മിക്ക സിനിമാക്കാരെയും വിളിച്ചിരുന്നതായും ഇയാള്‍ കസ്റ്റംസിനു മൊഴി നല്‍കി.

കൊച്ചിയില്‍ നടന്ന ബ്ലാക്ക്‌മെയില്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ സ്വര്‍ണക്കടത്തു കേസിലെ വെറും കണ്ണികള്‍ മാത്രമാണെന്നാണ് വിവരം.
അതേസമയം സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ സംഘം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലേക്ക് പ്രസക്തമായ വിവരങ്ങള്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ നേരത്തെ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.