ശ്രീനഗര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ജമ്മു കശ്മീരിലേക്ക് പുറപ്പെട്ടു. നിയന്ത്രണരേഖയില്‍ ചൈനയുമായുളള സംഘര്‍ഷത്തിന് ശേഷമുളള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനം. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന രാജ്‌നാഥ് സിങ്ങിനൊപ്പം സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കരസേന മേധാവി എം എം നരവനെയും യാത്ര തിരിച്ചിട്ടുണ്ട്.
ചൈനയുമായി സംഘര്‍ഷം ഉണ്ടായ ലഡാക്കില്‍ രാജ്‌നാഥ് സിങ് ഇന്ന് സന്ദര്‍ശനം നടത്തും. ശ്രീനഗറില്‍ നാളെ സന്ദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപത്തെ ഫിംഗര്‍ പ്രദേശത്ത് നിന്നും പൂര്‍ണ്ണമായും പിന്മാറില്ലെന്ന നിലപാടിലാണ് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള കമാന്‍ഡര്‍തല ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് തര്‍ക്ക പ്രദേശത്ത് നിന്നും പൂര്‍ണ്ണമായും പിന്മാറില്ലെന്ന നിലപാട് ചൈന സ്വീകരിച്ചത്.
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വര, ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്ര പോസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറാന്‍ ഒരുക്കമാണെങ്കിലും ഫിംഗര്‍ പ്രദേശത്ത് നിന്ന് പൂര്‍ണമായും പിന്മാറില്ലെന്ന് ചൈന വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിംഗര്‍ 8 ന് സമീപമുള്ള പ്രദേശങ്ങളില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ചൈന ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫിംഗര്‍ പ്രദേശത്ത് പിന്മാറാന്‍ ചൈന മടിക്കുന്നത്.
ഫിംഗര്‍ നാലിന് സമീപമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള നിര്‍മ്മാണങ്ങള്‍ ചൈന പൊളിച്ച് നീക്കിയിരുന്നു. എന്നാല്‍ ഈ പ്രദേശങ്ങളില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങില്ലെന്ന സൂചനയാണ് ചൈന നല്‍കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടന്നിരുന്നു. സൈനിക പിന്മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും നിരീക്ഷണം തുടരാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു.