Home National മൃഗബലി നിരോധിച്ചുള്ള നിയമം; സുപ്രീം കോടതി കേരള സര്‍ക്കാരിന്റെ അഭിപ്രായം തേടി

മൃഗബലി നിരോധിച്ചുള്ള നിയമം; സുപ്രീം കോടതി കേരള സര്‍ക്കാരിന്റെ അഭിപ്രായം തേടി

0

ന്യൂഡെല്‍ഹി: മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രീം കോടതി കേരള സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഹര്‍ജിയില്‍ കേരള സര്‍ക്കാരിനു നോട്ടീസ് അയയ്ക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

മൃഗബലി നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പിഇ ഗോപാലകൃഷ്ണന്‍ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. മൃഗങ്ങളെ ബലി കൊടുക്കുന്നത് തന്റെ മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 25-1 അനുച്ഛേദത്തിന്റെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മൃഗബലി തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി ജൂണ്‍ 16നാണ് ഹൈക്കോടതി തള്ളിയത്. മൃഗബലി മതത്തിന്റെ അനിവാര്യ ഘടകമാണെന്നു തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ മൃഗബലി അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here