പനാജി: ആദ്യഘട്ടത്തിൽ വൈറസ് വ്യാപനം കുറവായിരുന്ന ഗോവയിൽ ഇളവുകൾ നൽകിയപ്പോൾ കൊറോണ രോഗികൾ വർധിച്ചതോടെ മൂന്നുദിവസം സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രോഗവ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് വെള്ളിയാഴ്ച മുതൽ മൂന്നുദിവസം സംസ്ഥാനം സമ്പൂർണ്ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കൂടാതെ ബുധനാഴ്ച മുതൽ ഓഗസ്റ്റ് പത്തുവരെ ‘ജനത കർഫ്യൂ’വും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ. ഇന്ന് അർധരാത്രി മുതൽ ലോക്ക്ഡൗൺ നിലവിൽ വരും. തിങ്കളാഴ്ച പുലർച്ചെ വരെയാണ് ലോക്ക്ഡൗൺ. ജനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭ്യർത്ഥിച്ചു. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ജനങ്ങൾ വീഴ്ച വരുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ബുധനാഴ്ച മുതൽ ഓഗസ്റ്റ് പത്തുവരെയാണ് ‘ജനത കർഫ്യൂ’ നടപ്പിലാക്കുക. ഇത് പ്രാബല്യത്തിൽ വന്നതോടെ ദിവസവും രാത്രി എട്ടുമുതൽ രാവിലെ ആറുവരെ അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ആളുകൾക്കു മാത്രമേ പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മാസ്ക് ധരിക്കാത്ത 40,000-ത്തിലധികം ആളുകൾക്ക് പിഴ ചുമത്തി. നിയമങ്ങൾ കൂടുതൽ കർശനമാക്കേണ്ടതും ജനങ്ങളിൽ അവബോധവും അച്ചടക്കവും ഉണ്ടാവേണ്ടതും ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച ഗോവയിൽ 170 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഏകദിന കണക്കാണിത്. 18 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,753 ആയി.