വിദേശവിദ്യാർഥികൾ അമേരിക്ക വിടണമെന്ന നിർദേശം പിൻവലിച്ച് ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈൻ ക്ലാസ്സ് മാത്രമായി ചുരുങ്ങുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾ അമേരിക്കയിൽ നിന്നും മടങ്ങണമെന്ന നിർദ്ദേശം ട്രംപ് ഭരണകൂടം പിൻവലിച്ചു. അടുത്തിടെ ആണ് അമേരിക്കയ്ക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ മാത്രം ആയി മാറുമ്പോൾ അത്തരത്തിൽ ഉള്ള കോഴ്സുകൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ രാജ്യം വിട്ടു പോകണമെന്ന നിലപാട് അമേരിക്കൻ ഭരണകൂടം അറിയിച്ചത്.

ഭരണകൂടത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ഹാർവാഡ്, മസാച്ചുസെറ്റ്സ്, ജോൺസ് ഹോപ്‌കിൻസ് പോലുള്ള യൂണിവേഴ്സിറ്റികൾ കോടതിയെ സമീപിച്ചിരുന്നു. നടപടിക്കെതിരെ മുൻ നിര ടെക്നോളജി കമ്പനികളും മുന്നോട്ട് വന്നതോടെയാണ് തീരുമാനം അമേരിക്ക ഉപേക്ഷിച്ചത്.

വിദ്യാർത്ഥികളെ പറഞ്ഞു വിടാനുള്ള ഈ തീരുമാനം പുനരാരംഭിക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് സർവകലാശാലകൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ ഫീസ് ഇനത്തിൽ നിന്നും ലഭിക്കുന്ന വരുമാനം ഇല്ലാതാകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യും. 17 സംസ്ഥാനങ്ങളിലെ സർവകലാശാലകൾ ആണ് ഇതിനെതിരെ മുന്നോട്ട് വന്നത്. കൂടാതെ ഗൂഗിൾ, ഫേസ്ബുക്, മൈക്രോസോഫ്റ്റ്, തുടങ്ങിയ പ്രമുഖ കമ്പനികളും സർവകലാശാലകളെ പിന്തുണച്ച് മുന്നോട്ട് വന്നു.

പുതിയ വിസ നിർദ്ദേശങ്ങൾ റിക്രൂട്ടിംഗ് പദ്ധതികൾക്കും മങ്ങൽ എൽപിക്കുമെന് ചൂണ്ടിക്കാട്ടി യുഎസ് ചാംബർ ഓഫ് കോമേഴ്സ് , ഐടി അഡ്വാക്യാസി ഗ്രൂപ്പ് എന്നിവയും ഹർജി നൽകിയിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇത്തരം ഒരു നിർദേശം സർക്കാർ മുന്നോട്ട് വന്നത്. അമേരിക്ക വിട്ടു പോകാൻ വിദ്യാർത്ഥികൾ തയ്യാറാവാത്ത പക്ഷം തുടർ നടപടികൾ എടുക്കുമെന്നും അറിയിച്ചിരുന്നു.