ആളൂരിൻ്റെ വക്കീൽമാർക്ക് എൻഐഎ കോടതിയുടെ താക്കീത്

കൊച്ചി: വിവാദമായ ഏത് കേസ് വന്നാലും ഏറ്റെടുക്കാൻ ആളൂർ വക്കീൽ വരും. കേസ് ഏറ്റെടുക്കും. അതൊരു പതിവാണ്. പക്ഷെ ഇക്കുറി പണി കിട്ടി. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാൻ എത്തിയ അഡ്വ. ബി.എ.ആളൂരിന്റെ ജൂനിയർ അഭിഭാഷകർക്ക് താക്കീത് നൽകി കോടതി. ജഡ്ജി സ്വപ്നയോട് ഇവരെ അറിയുമോയെന്നും വക്കാലത്ത് നൽകിയിട്ടുണ്ടോയെന്നും ചോദിച്ചു.

എന്നാൽ, ഇവരെ അറിയില്ലെന്നായിരുന്നു സ്വപ്നയുടെ മറുപടി. തന്റെ അഭിഭാഷകന്റെ കാര്യം ഭർത്താവാണ് തീരുമാനിക്കുന്നതെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ മറുപടി കേട്ട് രോഷം കൊണ്ട ജഡ്ജി ഇത് എൻഐഎ കോടതിയാണ്, ഇനിയിത് ആവർത്തിക്കരുതെന്നായിരുന്നു അഭിഭാഷകനു നൽകിയ താക്കീത്.

കൊച്ചിയിലെ എൻഐഎ കോടതിയിലാണ് സംഭവം. പ്രതികൾ പോലും അറിയാതെ വക്കാലത്ത് ഏറ്റെടുക്കാൻ എത്തിയതായിരുന്നു ആളൂരിന്റെ ജൂനിയർ. വക്കാലത്തിനെ കുറിച്ച് അറിയില്ലെന്നു കേസിലെ പ്രതി പറഞ്ഞതോടെയാണ് കോടതി താക്കീത് ചെയ്തത്.

പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് അപ്രതീക്ഷിതമായി ആളൂരിന്റെ ജൂനിയർ കോടതിയിൽ പ്രവേശിച്ചത്. തുടർന്ന് അഭിഭാഷകൻ സ്വപ്നയുടെ വക്കാലത്ത് ഏറ്റെടുക്കാൻ അപേക്ഷ സമർപ്പിക്കുകയായിരുന്നു.