തിരുവനന്തപുരം: ജില്ലയിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു. രോഗികളുടെ എണ്ണം കൂടുന്നതിനാൽ ജില്ലയിൽ പുതിയ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ അടിയന്തര സാഹചര്യത്തിൽ തയാറാക്കും.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും അതിനോട് അനുബന്ധിച്ചുള്ള കോംപ്ലക്‌സ്‌കും കൺവൻഷൻ സെന്ററും ഉൾപ്പെടെയുള്ള മേഖലയിലാണ് ഇത് സജ്ജമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് അടിയന്തര പരിഹാരമായാണ് ഗ്രീൻഫീൽഡിൽ ട്രീറ്റ്‌മെന്റ് സെന്റർ തയാറാക്കുന്നത്. 500 മുതൽ 750 പേരെവരെ ഒരെസമയം ഉൾക്കൊള്ളിക്കാവുന്ന വിധത്തിലാണ് ഈ സംവിധാനം. ഇവിടെ സ്വാബ് കളക്ഷനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങളും കൂടുതൽ പരിശോധനകളും എല്ലാ മേഖലകളിലും നടത്തുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ രോഗികളുള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തൻപള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ്. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരിൽ 130 പേർക്കും വൈറസ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. തലസ്ഥാന ജില്ലയിലെ സ്ഥിതിഗതികൾ ഗൗരവകരമായി തുടരുന്നുവെന്നതിന്റെ സൂചനയാണിത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മികച്ച ചികിത്സ നൽകാൻ പൂന്തുറ സെന്റ് തോമസ് സ്‌കൂളിൽ താത്കാലിക ആശുപത്രി സജ്ജീകരിച്ചു.