പാലായിൽ മുനിസിപ്പൽ ഓഫിസ് ജീവനക്കാരന് രോഗബാധ; ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി സർവീസ് നിർത്തി

പാലാ: ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി സർവീസ് നിർത്തി. പാലായിലെ മുനിസിപ്പൽ ഓഫിസ് ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടികയിൽ ഈരാറ്റുപേട്ട കെഎസ്ആർടിസി ജീവനക്കാരും ഉൾപ്പെട്ട സാഹചര്യത്തിലാണ് ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

ഡിപ്പോയിലെ 18 ജീവനക്കാരാണ് കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തിൽ വന്നതായി കണ്ടെത്തിയിട്ടുള്ളത്. അതേസമയം, ദീർഘദൂര സർവീസുകൾ മറ്റ് ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതായിരിക്കുമെന്ന് ഡിടിഒ അറിയിച്ചു.

അതേസമയം, കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസിൽ സഞ്ചരിച്ചവർ കോട്ടയം കൊറോണ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ജൂൺ 29 മുതൽ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളിൽ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.