ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു; പങ്കറിയാന്‍ കൂടുതല്‍ പരിശോധനകൾക്ക് വിധേയമാക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന്റെ രണ്ടാമത്തെ ദിവസമാണ് ഫോണ്‍ പിടിച്ചെടുത്തിരിക്കുന്നത്.

കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ ഈ ഫോണിലേക്ക് വിളിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. കേസില്‍ ശിവശങ്കറിന്റെ പങ്കറിയാന്‍ ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

കഴിഞ്ഞദിവസം ശിവശങ്കറിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഫ്‌ലാറ്റിലെത്തിയായിരിന്നു ചോദ്യം ചെയ്തത്. ഇന്ന് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍ തുടരുന്നു.

അതേസമയം, ശിവശങ്കര്‍ പറഞ്ഞിട്ടാണ് സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ലാറ്റില്‍ പ്രതികള്‍ക്ക് വേണ്ടി മുറി ബുക്ക് ചെയ്തതെന്ന് ടെക്‌നോപാര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥനായ അരുണ്‍ ബാലചന്ദ്രന്‍ വെളിപ്പെടുത്തി. ശിവശങ്കറിന്റെ പേരിലാണ് ഫ്‌ലാറ്റ് ബുക്ക് ചെയ്തത്. ശിവശങ്കര്‍ പറഞ്ഞിട്ടാണ് സ്വപ്നയുടെ ഭര്‍ത്താവിന് ഫ്‌ലാറ്റ് ബുക്ക് ചെയ്ത് നല്‍കിയത്. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയെന്ന് ശിവശങ്കര്‍ തന്നോടു പറഞ്ഞു. എല്ലാത്തിനും രേഖയുണ്ട് എന്നും അരുണ്‍ ബാലചന്ദ്രന്‍ വ്യക്തമാക്കി.

കോടതി മുഖേനയേ ശിവശങ്കറിന്റെ ഫോണ്‍ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. സിഡാക്കില്‍ ഫോണ്‍ ഫൊറന്‍സിക്ക് പരിശോധനയ്ക്ക് നല്‍കും. മറ്റ് പ്രതികളുടെ ഫോണുകള്‍ക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്‍റെ ഫോണും അയക്കാനാണ് തീരുമാനം.

സ്വര്‍ണ്ണക്കടത്ത് പ്രതികളെ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസ് ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. സരിത്തും സ്വപ്ന നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദം എം ശിവശങ്കറിന് ഉണ്ടെന്നത് വ്യക്തമാണ്.

സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോൺ വിളികൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല. ഫോണ്‍ പരിശോധനയിലൂടെ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.