ഇടുക്കിയില്‍ കൊറോണ ബാധിതരുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ചോര്‍ന്നു

ചെറുതോണി: ഇടുക്കി ജില്ലയിൽ കൊറോണ വൈറസ് ബാധിതരുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ചോര്‍ന്നു. ജില്ലയില്‍ വൈറസ് സ്ഥിരീകരിച്ച 51 രോഗികളുടെ പേരുവിവരങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ചോര്‍ന്നത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടി. രോഗികളുടെ പേര്, പ്രായം, ഫോണ്‍ നമ്പര്‍, വിലാസം എന്നിവയുള്‍പ്പെട്ട പട്ടികയാണ് പ്രചരിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിന്നാണ് പട്ടിക ചോര്‍ന്നതെന്നാണ് വിവരം. ഇന്ന് പോസിറ്റിവായ ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇന്ന് ഉച്ചയോടെയാണ് കൊറോണ രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

അതേസമയം ഇടുക്കി ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. സമ്പര്‍ക്ക രോഗവ്യാപനം കണക്കിലെടുത്താണ് നടപടി.

ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന്, 10 വാര്‍ഡുകള്‍ (ഗുണ്ടുമല, സൂര്യനെല്ലി)
കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ (സ്വര്‍ണ്ണവിലാസം, മേപ്പാറ)
അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍ (അയ്യപ്പന്‍കോവില്‍, ആനക്കുഴി, മാട്ടുക്കട്ട)
ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ ഒന്ന്,ആറ്, ഏഴ് വാര്‍ഡുകള്‍ (പുളിങ്കട്ട, ഉപ്പുതറ, മാട്ടുതാവളം)
ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകള്‍ (പാമ്പുപാറ, ചെമ്മണ്ണാര്‍)
കോടിക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, 13 വാര്‍ഡുകള്‍ (പാറപ്പുഴ, പടിഞ്ഞാറേകോടിക്കുളം)
ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് (ടീ കമ്പനി)
പീരുമേട് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് (മേലഴുത)
സേനാപതി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് (വെങ്കലപ്പാറ)
എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.