ഡൽഹി ഹംദർദ് ആശുപത്രിയിൽ നിന്നും 84 നഴ്സുമാരെ പിരിച്ചുവിട്ടു

ന്യൂഡെൽഹി: കൊറോണ ഭീതി വ്യാപിക്കുന്നതിനിടെ ഡെൽഹിയിൽ എൻപത്തിനാല് നഴ്സുമാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്.
ഡെൽഹി ഹംദർദ് ആശുപത്രിയിലെ നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. കരാർ അവസാനിച്ചെന്ന കാരണം കാണിച്ചാണ് ഇവരെ ആശുപത്രി അധികൃതർ പുറത്താക്കിയത്. എന്നാൽ ഡ്യൂട്ടിക്കിടെ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട നഴ്സുമാരെയാണ് ആശുപത്രി പുറത്താക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കരാർ കാലാവധി കഴിഞ്ഞും ജോലിക്ക് എത്താൻ ആവശ്യപ്പെട്ട ആശുപത്രി അധികൃതർ, പെട്ടെന്ന് എല്ലാവരെയും പിരിച്ചു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഡെൽഹി എൻസിആർ യുണെെറ്റഡ് നഴ്സസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി അയച്ചു. ദിവസം 12 മുതൽ 14 മണിക്കൂർ നേരത്തെ തുടർച്ചയായ ഡ്യൂട്ടിക്കിടെ പി.പി.ഇ കിറ്റുകളടങ്ങിയ സുരക്ഷ സംവിധാനങ്ങളും മാസ്ക്കും കുടിവെള്ളവും നഴ്സുമാർ ആവശ്യപ്പെട്ടുവെന്നും ആശുപത്രി അധികൃതർ ഈ ആവശ്യം പരി​ഗണിച്ചില്ലെന്നും മിറർ നൗ റിപ്പോർട്ട് ചെയ്തു.

ഓരോ 25 ദിവസം ​കൂടുമ്പോഴും അഞ്ച് വീതം സർജിക്കൽ മാസ്ക്കുകളാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്നത്. യാത്ര സൗകര്യം ലഭ്യമാക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. എന്നാൽ കരാർ കാലാവധി പൂർത്തിയായ നഴ്സുമാര്‍ ആരെയും പുറത്താക്കിയിട്ടില്ലെന്നും, ഇവർക്കായി പ്രത്യേക പുനർനിർണയ ബോർഡ് രൂപീകരിച്ച് അഭിമുഖത്തിന് വീണ്ടും ക്ഷണിക്കുമെന്നുമാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.