ഡോക്ടർമാരുടെ അവസരോചിത ഇടപെടൽ; പാമ്പുകടിയേറ്റ യുവാവിൻ്റെ ജീവൻ രക്ഷിച്ചു

ഇരിട്ടി: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ ജീവൻ രക്ഷിച്ചത് ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടൽ. ആറളം ഫാം പതിനൊന്നാം ബ്ലോക്കിലെ ചന്ദ്രനെ (39) യാണ് അണലിയുടെ കടിയേറ്റ് ചൊവ്വാഴ്ച ഉച്ചയോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

തിങ്കളാഴ്ച രാത്രി 12 മണിയോടെ അണലിയുടെ കടിയേറ്റ ചന്ദ്രനെ വിഷചികിൽസയ്ക്കു കൊണ്ടു പോയിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ ആരോഗ്യനില വഷളായി. തുടർന്നാണ് യുവാവിനെ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്.

രക്തം സമ്മർദം കുറഞ്ഞതും, രക്തം കട്ടപിടിക്കാന്‍ താമസം എടുക്കുന്നതും യുവാവിൻ്റെ നില അതീവ ഗുരുതരമാക്കി. ചികിൽസാ സൗകര്യങ്ങൾ പരിമിതമായിട്ടും രോഗിക്ക് ഉടൻ ആൻ്റിവെനം നൽകാൻ രണ്ടാമതൊന്ന് ആലോചിക്കാതെ ഡോ.ആനന്ദ് ജയിംസും, ഡോ.ആൻ്റോ വർഗീസും തീരുമാനിക്കുകയായിരുന്നു. രോഗിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് അയക്കാതെ ഉടൻ തന്നെ ആൻ്റിവെനം ചികിൽസ തുടങ്ങി. നാലു മണിക്കൂർ കൊണ്ട് 10 യൂണിറ്റ് ആൻ്റിവെനം നല്‍കിയപ്പോഴാണ് യുവാവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടത്. ഈ നേരമത്രയും യുവാവിൻ്റെ ബന്ധുക്കളും ആശങ്കയിലായിരുന്നു. ദീർഘനേരത്തെ നിരീക്ഷണത്തിനു ശേഷം അപകടനില തരണം ചെയ്തപ്പോൾ താലൂക്ക് ആശുപത്രിയുടെ ആംബുലൻസിൽ
പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ച ഉടൻ യുവാവിന് ആൻ്റിവെനം നൽകാതെ വാഹനത്തിൽ ഒന്നര മണിക്കൂർ ഓടിയെത്തേണ്ട പരിയാരം മെഡിക്കൽ കോളജിലേക്ക് യുവാവിനെ അയച്ചിരുന്നെങ്കിൽ വഴിയിൽ വച്ചുതന്നെ ജീവാപായം സംഭവിക്കാൻ ഇടയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പാമ്പുകടിയേറ്റ ഒരാള്‍ക്ക് ആന്റിവെനം ചികിത്സ നല്‍കുന്നത് ഇതാദ്യമാണ്. ആശുപത്രിയിൽ ആവശ്യത്തിന് ആൻ്റിവെനം ഉണ്ടായിരുന്നതും ചികിൽസയ്ക്ക് സഹായമായി.

ആശുപത്രികളിലെ പരിമിതി ഭയന്ന് യഥാസമയം ആൻ്റിവെനം ചികിൽസ നൽകാൻ പലരും മടിച്ച് മരണങ്ങൾ പതിവാകുമ്പോഴാണ് ഇരിട്ടിയിലെ മലയോര ആശുപത്രിയിലെ ഡോക്ടർമാർ വേറിട്ട മാതൃകയായത്.

തക്ക സമയത്ത് വേണ്ട ചികിൽസ നൽകി യുവാവിൻ്റെ ജീവൻ രക്ഷിച്ച താലൂക്ക് ആശുപത്രിയിലെ മാതൃകാ ഡോക്ടർമാരായ ഡോ.ആനന്ദ് ജയിംസും, ഡോ.ആൻ്റോ വർഗീസും നാട്ടുകാർക്ക് അഭിമാനമായിക്കഴിഞ്ഞു. സ്റ്റാഫ് നേഴ്‌സ്മാരായ ആലീസ്, അലീന, ജാസ്മിന്‍ തോമസ്, അമിത വാസു തുടങ്ങിയവരും ചികിത്സയ്ക്ക് നേതൃത്വം നല്‍കി.