പഞ്ചാബിൽ ഗ്രാമീണ വികസന വകുപ്പ് മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

ചണ്ഡിഗഢ്: പഞ്ചാബിൽ മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. ഗ്രാമീണ വികസന മന്ത്രി ത്രിപത് രജിന്ദർ സിംഗിനാണ് രോഗം സ്ഥിരീകരിച്ചത്. ഗ്രാമീണ വികസന വകുപ്പ് ഡയറക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച മുതൽ മന്ത്രി ക്വാറന്റൈനിലായിരുന്നു. മന്ത്രിയുടെ ശനിയാഴ്ചത്തെ കൊറോണ പരിശോധനാ ഫലം നെ​ഗറ്റീവായിരുന്നു. ഇതേത്തുടർന്ന് ഇന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. രോഗം വേഗം ഭേദമാകട്ടെ എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആശംസിച്ചു.

അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍
പഞ്ചാബിൽ പൊതുപരിപാടികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി . അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും തടഞ്ഞിട്ടുണ്ട്. പഞ്ചാബിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. സൂപ്പര്‍സ്‌പ്രെഡ് തിരിച്ചറിയുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനുമായി ചെന്നൈ ഐഐടിയുടെ സഹകരണം തേടാനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീസും ജില്ലാ ഭരണകൂടവും ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.
സംസ്ഥാനത്ത് നടക്കുന്ന വിവാഹപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 30ല്‍ കൂടുതല്‍ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. നേരത്തെ 50 ആളുകള്‍ക്ക് അനുമതിയുണ്ടായിരുന്നു. 30ലേറെ പേര്‍ വിവാഹത്തില്‍ പങ്കെടുത്താല്‍ ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. വേണ്ടത്ര വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ മാത്രമേ വിവാഹ പാര്‍ട്ടികള്‍ നടത്താവൂ എന്നും നിര്‍ദേശങ്ങളുണ്ട്. ഹോട്ടലുകളില്‍ വച്ചാണ് നടത്തുന്നതെങ്കിലും ഈ മാനദണ്ഡങ്ങള്‍ പാലിക്കണം.