പട്ന: ബിഹാറിൽ മുതിർന്ന പാർട്ടി നേതാക്കൾക്ക് അടക്കം കൊറോണ സ്ഥിരീകരിച്ചതോടെ ബിജെപി നേതൃത്വം ആശങ്കയിൽ. സംസ്ഥാനത്ത് കൂടുതൽ പേരിലേക്ക് രോഗം പടരുന്ന സാഹചര്യത്തിൽ ജൂലൈ 16 മുതൽ 31 വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഗ്രാമപ്രദേശങ്ങളെ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കും. ബിജെപി ഓർഗനൈസേഷനൽ സെക്രട്ടറി നാഗേന്ദ്ര നാഥ്, ജനറൽ സെക്രട്ടറി ദേവേഷ് കുമാർ, വൈസ് പ്രസിഡൻറ് രാധാമോഹൻ ശർമ എന്നിവരും കൊറോണ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. 75ഓളം ബിജെപി നേതാക്കൾക്ക് കൊറോണ
സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം 25 നേതാക്കൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ബിജെപി വക്താവ് രജിനി രജ്ഞൻ പട്ടേൽ അറിയിച്ചു. പട്നയിലെ വീർചന്ദ് പട്ടേൽ മാർഗിലാണ് ബിജെപി ആസ്ഥാനം. ഇവിടെവെച്ച് തിങ്കളാഴ്ച നടത്തിയ ബിജെപി യോഗത്തിലാണ് നേതാക്കൾക്ക് കൊറോണ പടർന്നതെന്നാണ് വിവരം.
കൊറോണ ബാധിതർ യോഗത്തിൽ പങ്കെടുത്തതായി വിവരമുണ്ടെന്ന് പട്ടേൽ അറിയിച്ചു. 75 പേരുടെ സാമ്പിളുകൾ പരിശോധനക്ക് എടുത്തു. ഇതിൽ 25 എണ്ണം പോസിറ്റീവായി. ബാക്കിയുള്ളവരുടെ ഫലം ലഭിക്കാനുണ്ടെന്നും പട്ടേൽ കൂട്ടിച്ചേർത്തു.
ബിഹാർ തെരഞ്ഞെടുപ്പ് അടുത്തതോടെ അമിത് ഷായുടെ വിർച്വൽ റാലികൾ ആസൂത്രണം ചെയ്യുന്നത് ബിജെപി ആസ്ഥാനത്തായിരുന്നു. ജൂൺ ഒമ്പതുമുതൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലിരുന്ന് ഇ -റാലി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നിരവധി ബിജെപി മന്ത്രിമാരും മുതിർന്ന നേതാക്കളും ജില്ല നേതാക്കളും ബിജെപി സംസ്ഥാന ആസ്ഥാനത്ത് എത്തുകയും ചെയ്തു.