തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും മന്ത്രി കെടി ജലീലിനെയും സ്വപ്ന സുരേഷ് നിരവധി തവണ വിളിച്ചതായി കോൾ ലിസ്റ്റ്. ജൂൺ മാസത്തിൽ 9 തവണയാണ് സ്വപ്ന സുരേഷ് മന്ത്രി ജലീലുമായി സംസാരിച്ചത്. ജലീലിൻ്റെ പേഴ്സണൽ സ്റ്റാഫ് നസീറുമായും സ്വപ്ന സംസാരിച്ചു. അതേസമയം സ്വപ്നയുമായി സംസാരിച്ചതായി മന്ത്രി ജലീൽ സമ്മതിച്ചു. യുഎഇ കോൺസുൽ പറഞ്ഞതുപ്രകാരം റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ വിളിച്ചതെന്നാണ് മന്ത്രി കെടി ജലീൽ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിനെ സ്വപ്ന സുരേഷും സരിത്തും വിളിച്ചതിന്റെ ഫോൺരേഖകളും പുറത്തായി. ഏപ്രിൽ 20 മുതൽ ജൂൺ 1 വരെയുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ സരിത്ത് ഏപ്രിൽ 20 മുതൽ ജൂൺ 1 വരെ ഒമ്പത് തവണ എം ശിവശങ്കറിനെ വിളിച്ചതായി രേഖകളിൽ നിന്നും വ്യക്തം. അഞ്ച് തവണ ശിവശങ്കർ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺകോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുൻപും ഇരുവരും തമ്മിൽ സംസാരിച്ചുവെന്ന രേഖകൾ ഇതിലുണ്ട്.
തിരുവനന്തപുരം സ്വർണക്കടത്ത് പിടികൂടുന്നതിന് മുൻപ് ജൂൺ 24നും 26നും സ്വർണം വന്നുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ തീയതികളിൽ സരിത്തും സ്വപ്നയും യുഎഇ കോൺസുലേറ്റിലെ അറ്റാഷയെ നിരന്തരം വിളിച്ചതിന്റെ രേഖകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.