കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ രേഖപ്പെടുത്തിയ തൂണേരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ. രണ്ട് പേരിൽ നിന്ന് 53 പേർക്കാണ് തൂണേരിയിൽ കൊറോണ ബാധിച്ചത്. ഒരു സ്ത്രീക്കും പുരുഷനും ആയിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തും. തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ നാൽപ്പത്തിയേഴ് പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
നാദാപുരത്തും, തിരുവണ്ണൂരും മൂന്ന് പേർക്ക് രോഗബാധയുണ്ടായി. ആന്റിജൻ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. രോഗബാധയുണ്ടായത് കോഴിക്കോടേയും, കണ്ണൂരിലേയും മരണവീടുകൾ സന്ദർശിച്ചതിലൂടെയെന്ന് ജില്ല കളക്ടർ പറഞ്ഞു. നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.
അതേസമയം കോഴിക്കോട് ജില്ലയിൽ ഇന്ന് 58 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 21 പേർക്ക് രോഗമുക്തിയുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 53 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൂണേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രത്യേക ആന്റിജൻ പരിശോധനയിൽ 47 പേർക്കും നാദാപുരം ആശുപത്രിയിൽ നടന്ന പരിശോധനയിൽ 3 പേർക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സമ്പർക്കത്തിലൂടെ 3 പേർക്കും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 5 പേർക്കും കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ സമ്പർക്ക കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.