കൊച്ചി: സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തില്‍ സ്ഥിതി അതീവ ഗുരുതരം. രണ്ടു ദിവസമായി 83 പേര്‍ക്കാണ് പഞ്ചായത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.
ഇന്നലെ എറണാകുളം ജില്ലയില്‍ 15 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇത് യഥാര്‍ത്ഥ കണക്കല്ല എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ് ചെല്ലാനത്ത് കൊറോണ സ്ഥിരീകരിച്ച 35 പേരുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്ന വിശദീകരണം പുറത്തുവന്നത്. സാങ്കേതിക കാരണങ്ങളാല്‍ ആണ് ഇത് ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോയതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ യഥാര്‍ത്ഥത്തില്‍ 50 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പില്‍ നിന്ന് 35 പേരുടെ കണക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 15 എന്ന നിലയില്‍ കണക്ക് പുറത്തുവന്നത്. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെട്ട സെക്ഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ കഴിയാതിരുന്നത്. ഇതില്‍ യാതൊരുവിധത്തിലുളള വ്യക്തത കുറവുമില്ല. കൊറോണ സ്ഥിരീകരിച്ചവര്‍ക്ക് ഇന്നലെ തന്നെ ചികിത്സ ഉറപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.
അതേസമയം പഞ്ചായത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കല്യാണം ഉള്‍പ്പെടെ ഒഴിവാക്കാന്‍ സാധിക്കാത്ത ചടങ്ങുകള്‍ ഒഴികെയുളള സ്വകാര്യ പരിപാടികള്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പരിശോധന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് വീടുകള്‍ തോറും സാമ്പിളുകള്‍ ശേഖരിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.