ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണം സമിതിക്ക്; തിരുവിതാംകൂർ രാജകുടുംബത്തിന്റെ അധികാരം സുപ്രീം കോടതി ശരിവച്ചു

ന്യൂഡൽഹി: തിരുവിതാംകൂർ രാജകുടുംബത്തിന്റെ അധികാരം സുപ്രീം കോടതി ശരി വച്ച് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണം സമിതിക്ക്. ഭരണ കാര്യങ്ങൾക്കായി താൽക്കാലിക സമിതി രൂപീകരിക്കാം.

സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികളിലാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വാദം കേട്ടശേഷം കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിധി പറയാൻ മാറ്റിയത്.

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് സുപ്രീം കോടതിയെ സമീപിച്ചത്.