ബിജെപിയിലേക്ക് ഇല്ലെന്ന് സച്ചിൻ പൈലറ്റ് ; ഗെലോട്ട് വീണ്ടും ആധിപത്യം ഉറപ്പിച്ചു

ജയ്പൂർ: സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി വിശ്വസ്തൻ. കോൺഗ്രസ് മന്ത്രിസഭയെ മറിച്ചിടാൻ പ്രതിപക്ഷവുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇയാൾ വ്യക്തമാക്കി. അതിനിടെ കോൺഗ്രസ് നിയമസഭാംഗങ്ങളുടെ പിന്തുണ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉറപ്പിച്ചു. ഈ സാഹചര്യത്തിലാണ് , രാജസ്ഥാൻ കോൺഗ്രസ് നിയമസഭാകക്ഷി ചേരാനിരിക്കെ സച്ചിൻ്റെ നിലപാട് വ്യക്തമാക്കി വിശ്വസ്തൻ രംഗത്തെത്തിയത്.

എന്നാൽ ഡെൽഹിയിലുള്ള സച്ചിൻ യോഗത്തിൽ പങ്കെടുക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്‌ വിട്ടാൽ 5 എംഎൽഎമാരെ സച്ചിനൊപ്പം ഉണ്ടാകൂയെന്ന തിരിച്ചറിയലാണ് പിൻമാറ്റത്തിന് കാരണമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. അതേ സമയം കോൺഗ്രസ് നേതാക്കൾ സച്ചിനുമായി സംസാരിച്ച് അദ്ദേഹത്തിൻ്റെ ആശങ്ക ദുരികരിച്ചെന്ന് ഉന്നത കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

നിയമസഭാ കക്ഷി യോഗത്തിന് മുമ്പ് കോൺഗ്രസ് പാർട്ടിയുടെ 109 എം‌എൽ‌എമാർക്കും വിപ്പ് നൽകി കഴിഞ്ഞു. യോഗത്തിൽ
എം‌എൽ‌എമാരുടെ സാന്നിധ്യം നിർബന്ധമാക്കാനാണ് പാർട്ടി വിപ്പ് നൽകിയതെന്ന് രാജസ്ഥാൻ കോൺഗ്രസിൻ്റെ ചുമതലയുള്ള അവിനാശ് പാണ്ഡെ പറഞ്ഞു.