കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ബാഗില്‍ സുപ്രധാന വിവരങ്ങളുണ്ടെന്ന് സംശയിക്കുന്നതായി എന്‍ഐഎ കോടതിയില്‍. കേസില്‍ പ്രതിയായ സന്ദീപിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ തുറക്കണമെന്നും എന്‍ഐഐ ആവശ്യപ്പെട്ടു. എറണാകുളത്തെ പ്രത്യേക കോടതിയുടെ സാന്നിധ്യത്തില്‍ ബാഗ് നാളെ തുറന്നേക്കും.
അതേസമയം കേസില്‍ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിന്റെ പേര് തിരുത്താന്‍ കോടതി അനുമതി നല്‍കി. പേരും വിലാസവും തിരുത്താനുളള എന്‍ഐഎയുടെ അപേക്ഷ കോടതി അംഗീകരിച്ചു. പ്രതിയുടെ പേരിന്റെ സ്ഥാനത്ത് ഫാസില്‍ ഫരീദ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ഫൈസല്‍ ഫരീദ് എന്നാണെന്നും പേര് മാറ്റാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. തൃശൂര്‍ കൈപ്പമംഗലം സ്വദേശിയാണ് ഫൈസല്‍ ഫരീദ്.
അതിനിടെ കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവരെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടുപോകും.
സ്വര്‍ണം കടത്തിയത് ജ്വല്ലറികള്‍ക്ക് വേണ്ടിയല്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഡിപ്ലോമാറ്റിക് ബാഗേജ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സ്വര്‍ണം കടത്തിയതെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.
സ്വര്‍ണം എവിടെ നിന്ന് വരുന്നു എവിടേക്ക് പോകുന്നു എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സ്വപ്‌നയേയും സന്ദീപിനേയും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തിന് വേണ്ടി യുഎഇ എംബസിയുടെ വ്യാജ മുദ്രയും സ്റ്റാപും പ്രതികള്‍ ഉണ്ടാക്കിയെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഫൈസല്‍ ഫരീദാണ് വ്യാജരേഖ ചമച്ചത്. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കാനായിരുന്നു ഇത്. സ്വര്‍ണം കടത്തിയ ബാഗേജ് തങ്ങളുടെ നയതന്ത്ര ബാഗേജ് അല്ലെന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. കേസില്‍ ഇനി പിടികൂടാനുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് എതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു.