സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറെ എൻഐഎ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറെ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. കസ്റ്റംസിന്റെയും എന്‍ഐഎയുടേയും ഓരോ സംഘങ്ങള്‍ നിലവില്‍ തലസ്ഥാനത്തുണ്ട്. ഇന്ന് കസ്റ്റംസ് അദ്ദേഹത്തിന്റെ മൊഴിയെടുത്തേക്കും എന്നാണ് വിവരം. സെക്രട്ടറിയേറ്റിലെ ശിവശങ്കറിന്റെ ഓഫീസില്‍ എന്‍ഐഎ പരിശോധന നടത്താനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലുള്ള ശിവശങ്കറിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. നിര്‍ണായ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. നേരത്തെ സരിത്തിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറുമായുള്ള അടുപ്പം സ്വപ്‌ന പലപ്പോഴും ഉപയോഗപ്പെടുത്തിയതായി സരിത്ത് മൊഴി നല്‍കിയിട്ടുള്ളതായാണ് സൂചന.

സ്വപ്‌നയുടെ ഫോണില്‍ നിന്നും മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നമ്പരിലേക്കും തിരിച്ചും വിളികളുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരിലേക്കും സ്വപ്ന വിളിച്ചിട്ടുണ്ട്. ഉന്നതര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇരുപതോളം പേര്‍ പട്ടികയിലുണ്ടെന്നാണ് വിവരം. വിദേശത്തേയ്ക്കുള്ള വിളികളും പട്ടികയിലുണ്ട്. ഇതില്‍ തുടര്‍ച്ചയായുള്ള വിളികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.