കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊറോണ ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സ്റ്റേഡിയങ്ങളും സ്കൂളുകളും അക്കാദമികളും ലോഡ്ജുകളും മമത സർക്കാർ കൊറോണ ആശുപത്രികളാക്കി മാറ്റിത്തുടങ്ങി. സംസ്ഥാനത്ത് കൊറോണ ബാധിതർക്കായി 10,840 കിടക്കകൾ ഒരുക്കിയിട്ടുണ്ടെന്നും ശനിയാഴ്ച (ജൂലൈ 11) വരെ ഇതിൽ 7929 കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും സർക്കാർ അവകാശപ്പെടുന്നു.
സംസ്ഥാനത്ത് 80 ആശുപത്രികൾ കൊറോണ ചികിത്സക്കായി തയാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് വർധിപ്പിക്കുമെന്നും പശ്ചിമ ബംഗാൾ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻെറ വെബ്സെറ്റിൽ പറയുന്നു. പ്രശസ്തമായ ഈഡൻ ഗാർഡൻ സ്റ്റേഡിയം കൊൽക്കത്തയിലെ പൊലീസുകാർക്കുള്ള താൽക്കാലിക ക്വാറൻറീൻ കേന്ദ്രമാക്കി മാറ്റിയിരുന്നു. കൊറോണ രോഗികൾക്കായി ഒരുക്കിയ കിടക്കകൾക്കൊപ്പം ഡോക്ടർമാരേയും നഴ്സുമാരേയും മറ്റ് സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിന് സമയമെടുക്കുമെന്ന് ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിവിധ സ്റ്റേഡിയങ്ങളിലും ലോഡ്ജുകളിലും സ്കൂളുകളിലും രാത്രികാല പാർപ്പിട കേന്ദ്രങ്ങളിലുമായാണ് 730ഓളം കിടക്കകൾ ഒരുക്കിയിട്ടുള്ളത്. ഇതിൽ 673 കിടക്കകളും ജൂലൈ 11 വരെയുള്ള രോഗബാധിതരുടെ പട്ടികയനുസരിച്ച് ഒഴിഞ്ഞു കിടക്കുകയാണ്. ജൽപൈഗുരിയിലെ ബിശ്വ ബംഗ്ല കൃരംഗൻ സ്പോർട്സ് കോംപ്ലക്സ് 200 കിടക്കകളുള്ള ആശുപത്രിയായി മാറ്റിരിക്കുകയാണ് ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് ഇവിടെ 177 കിടക്കകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.
സൗത്ത് 24 പർഗാനയിലെ ജില്ല സ്റ്റേഡിയം 55 കിടക്കകളുള്ള കോവിഡ് ആശുപത്രിയായും വടക്കൻ ദിനാജ്പൂരിലെ ഇസ്ലാംപൂർ ഉർദു അക്കാദമി 100 കിടക്കകളുള്ള ആശുപത്രിയായും മാറ്റി. ഝാർഗ്രാം രാത്രികാല പാർപ്പിട കേന്ദ്രം 75 കിടക്കകളുള്ള കൊറോണ ആശുപത്രിയാണിപ്പോൾ. ഇവിടെ നിലവിൽ രോഗികളില്ല. മാൽഡയിലെ മണിചക് മോഡൽ സ്കൂൾ 50 കിടക്കകളുള്ള ആശുപത്രിയാണ്.