വ്യാജ എടിഎം കാർഡ് നിർമ്മിച്ച് പണം തട്ടൽ; അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

ന്യൂഡെൽഹി: വ്യാജ എടിഎം കാർഡ് നിർമ്മിച്ച് പണം തട്ടുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായി.ഡെൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ ഏഴോളം എടിഎം തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.

സെക്യൂരിറ്റി ഇല്ലാത്ത എടിഎം കൗണ്ടറിൽ എത്തുന്ന സംഘം എടിഎം കാർഡ് ഉപയോഗിക്കാൻ അറിയാത്തവരോ പ്രയാസപ്പെടുന്നവരോ ആയ സ്ത്രീകൾ, മുതിർന്നവർ എന്നിവരെ പണം എടുക്കാൻ സഹായിക്കും. ഇതിനിടെ കൈയ്യിൽകരുതിയ സ്കിമ്മർ യന്ത്രം ഉപയോഗിച്ച് അവരറിയാതെ എടിഎം കാർഡിന്‍റെ പകർപ്പെടുക്കും. തുടർന്ന് കാർഡ് നിർമ്മിച്ച് എടിഎം പിൻനമ്പർ കൂടി അറിയാവുന്ന പ്രതികൾ പണം എടുക്കും.

ഞായറാഴ്ച ഡൽഹി പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ഇവരിൽ നിന്ന് ചൈനീസ് നിർമ്മിത സ്കിമ്മർ മെഷീൻ, ഫോൺ, കത്തി എന്നിവ നംഗോളി പൊലീസിലെ സൈബർവിംഗ് പിടിച്ചെടുത്തു. യൂട്യൂബ് സഹായത്തോടെയാണ് ഇവർ വ്യാജകാർഡ് നിർമ്മാണം പഠിച്ചതെന്ന് പൊലീസ് പറഞ്ഞു.