മലപ്പുറത്ത് കൊറോണ ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു

മലപ്പുറം: മഞ്ചേരിയിൽ കൊറോണ ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്നു യുവതി. വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ശനിയാഴ്ച 51പേര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.

ജില്ലയില്‍ ചികിത്സയിലായിരുന്ന 15 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 497 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 966 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,216 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 41,048 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 628 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 38,390 പേര്‍ വീടുകളിലും 2,029 പേര്‍ കൊറോണ കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 13,315 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 11,248 പേരുടെ ഫലം ലഭിച്ചു. 10,311 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പൊന്നാനിയിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗണാണ്.