ഇന്ത്യൻ കടുവ സെന്‍സസ് ഗിന്നസ് ബുക്ക് റെക്കോര്‍ഡില്‍ ; പതിഞ്ഞത് 34,858,623 വന്യജീവികളുടെ ചിത്രങ്ങള്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 2018 ലെ കടുവ സെന്‍സസ് എക്കാലത്തെയും വലിയ ക്യാമറ ട്രാപ്പ് വന്യജീവി സര്‍വേയില്‍ ലോക റെക്കോര്‍ഡായ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ പ്രവേശിച്ചു. 2018-19 കാലയളവില്‍ നടത്തിയ സെന്‍സസിന്റെ നാലാമത്തെ പതിപ്പ് വിഭവങ്ങളുടെയും ഡാറ്റയുടെയും അടിസ്ഥാനത്തില്‍ ഇന്നു വരെയുള്ളതില്‍ ഏറ്റവും സമഗ്രമായിരുന്നു എന്നു ഗിന്നസ് ബുക്ക് റെക്കോര്‍ഡ് അതിന്റെ വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചു

141 വിവിധ സൈറ്റുകളിലെ 26838 സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചായിരുന്നു സെൻസസ്. ഇതു വഴി 34858623 വന്യജീവികളുടെ ചിത്രങ്ങള്‍ പതിഞ്ഞു. ഇവയില്‍ 76651 കടുവകളും 51777 പുള്ളിപ്പുലികളുമാണ്. ലോകത്തിലെ കടുവകളുടെ സംഖ്യയുടെ 70 ശതമാനത്തോളം വരും ഇത്. മൂന്നു ഘട്ടങ്ങളിലായാണ് ക്യാമറ ട്രാപ്പിങ് വഴിയുള്ള ഏറ്റവും പുതിയ സര്‍വേ നടത്തിയത്.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കടുവകളുടെ സെന്‍സസിന് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജവദേക്കര്‍ പറഞ്ഞു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെയുടെയും (എന്‍ടിസിഎ) വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയുടെയും (ഡബ്ല്യൂഐഐ) നേതൃത്വത്തില്‍ എല്ലാ നാലു വര്‍ഷം കൂടുമ്പോഴും ഇന്ത്യന്‍ സര്‍ക്കാര്‍ വിവിധ സംസ്ഥാന വനം വകുപ്പുകളുടെയും സംരക്ഷണ എന്‍ജിഒകളുടെയും സഹകരണത്തോടെയാണ് സൈന്‍സസ് നടത്തുന്നത്. രാജ്യത്തെ കടുവകളുടെ സംഖ്യയെയും ഇവയുടെ ആവാസ വ്യവസ്ഥയെയും രാജ്യവ്യാപകമായി വിലയിരുത്തുന്നതിനു വേണ്ടിയാണ് സർവ്വേ നടത്തിയത്.