മൈസൂര്‍: കൊറോണ വ്യാപന ഭീഷണിയെ തുടർന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. ജീവനക്കാരിൽ ഒരാളുടെ ബന്ധുവിന് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ശനിയും ഞായറാഴ്ചയും നടത്തുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച്ച കൊട്ടാരം തുറക്കും. കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നേരത്തെ വിലക്കിയിരുന്നു.
മൈസൂരില്‍ 528 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 268 പേര് രോഗമുക്തരായി. 205 പേര് വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. വൈറസ് ബാധയെ തുടര്‍ന്ന് 8 മരണങ്ങളും മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം കര്‍ണാകയിലെ രോഗബാധിതരുടെ എണ്ണം 31,000 കടന്നു. 31,105 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 12,833 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 486 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,114 പേർക്ക് രോഗം ബാധിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്. മരണം 22,123 ആയി. 519 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 62.78 ശതമാനമായി ഉയർന്നു.