മ്യാൻമാർ അതിർത്തിയിൽ സംയുക്തസേന ആറ് നാഗാ കലാപകാരികളെ വധിച്ചു

ന്യൂഡെൽഹി: അരുണാചൽ പ്രദേശിലെ മ്യാൻമാർ അതിർത്തിയിൽ സംയുക്ത സേന ആറ് നാഗാ കലാപകാരികളെ വധിച്ചു. ഇവരിൽ നിന്ന് വലിയ ആയുധ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. ആറ് തോക്കുകളും 500 വെടിയുണ്ടകളും രണ്ട് ബോബുകളും കണ്ടെത്തി. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് (ഐസക്-മുയ്‌വാഹ്) എന്ന സംഘടനയിൽ പെടുന്നവരാണ് കൊല്ലപ്പെട്ടത്.

നാഗാ കലാപകാരികൾക്ക് വേണ്ടിയുള്ള തെരച്ചിൽ സേന ശക്തമാക്കിയിരുന്നു. അതിനിടെ കാട്ടിനുള്ളിൽ പാരാമിലിറ്ററി ഫോഴ്‌സും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തെരച്ചിലിൽ നാഗാ കലാപകാരികൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് മേധാവി ആർ പി ഉപാധ്യായ പറഞ്ഞു. ഏറ്റുമുട്ടലിൽ ഒരു അസം റൈഫിൽസ് ഉദ്യോഗസ്ഥന് പരുക്കുണ്ട്. നാഗാലാന്റിലെ ദീമാപൂരിൽ ഒരു നാഗാ കലാപകാരിയെ പിടികൂടി. ഇവരിൽ നിന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. നാഗാലാന്റിലും അരുണാചൽ പ്രദേശിലും ഈയിടെയായി ശക്തമായ നടപടിയാണ് നാഗാ കലാപകാരികള്‍ക്ക് എതിരെ സംയുക്ത സേന നടത്തുന്നത്.