കോഴിക്കോട്: ജില്ലയിലെ എല്ലാ ഹാർബറുകളും നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൊതുജനങ്ങൾക്ക് ഹാർബറിൽ പ്രവേശനമുണ്ടായിരിക്കില്ല. ഹാർബറുകളും ഫിഷ് ലാൻഡിങ് സെന്ററുകളും ഞായറാഴ്ച അടച്ചിടും.
അതിനിടെ തിരുവനന്തപുരത്ത് സംഭവിച്ചതുപോലെ കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും കൊറോണ സൂപ്പർ സ്‌പ്രെഡ് വരാനിരിക്കുന്നുവെന്ന് ഐഎംഎ ( ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) മുന്നറിയിപ്പ് നൽകി. ക്ലസ്റ്ററുകളാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണം. ഒരാളിൽ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയിൽ നിന്ന് എട്ടോ പത്തോ പേരിലേക്ക് അതിവേഗത്തിൽ വ്യാപിക്കുന്നതാണ് സൂപ്പർ സ്‌പ്രെഡ്.
ഒപ്പം തീവ്ര രോഗ വ്യാപനമുള്ള ക്ലസ്റ്ററുകളും ഉണ്ടാകും. അതാണ് തലസ്ഥാന നഗരിയിൽ കാണുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സെക്രട്ടറി ഡോ. പി ഗോപകുമാറും വ്യക്തമാക്കി. ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം, ചെറിയ മുറികളിൽ കൂടുതൽ പേർ തിങ്ങിത്താമസിക്കുന്ന അവസ്ഥ, വായു സഞ്ചാരം കുറഞ്ഞ മുറികൾ, ശുചിത്വക്കുറവ് ഇവയെല്ലാം രോഗ വ്യാപനം രൂക്ഷമാക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.