ഭര്‍ത്താവ് തെറ്റ് ചെയ്‌തു; വിധിക്ക് അർഹനെന്ന് വികാസ് ദുബെയുടെ ഭാര്യ ; അമ്മ അന്ത്യകർമങ്ങളിൽ പങ്കെടുത്തില്ല

കാൺപുർ: ഉത്തർപ്രദേശിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച വികാസ് ദുബെ തെറ്റുചെയ്തെന്ന് ഭാര്യ റിച്ച. തന്‍റെ ഭര്‍ത്താവ് തെറ്റ് ചെയ്‌തെന്നും അദ്ദേഹം ഇത്തരമൊരു വിധിക്ക് അര്‍ഹനായിരുന്നുവെന്നും റിച്ച അഭിപ്രായപ്പെട്ടു. ദുബെയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവേയാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വികാസിൻ്റെ അമ്മ സംസ്ക്കാരചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

കനത്ത സുരക്ഷയിൽ ഭൈരവ് ഘാട്ടിലായിരുന്നു ദുബെയുടെ സംസ്‌കാര ചടങ്ങുകള്‍. ദുബെയുടെ മകന്‍റെയും ഭാര്യയുടേയും സാന്നിധ്യത്തിൽ ഭാര്യാസഹോദരൻ ദിനേശ് തിവാരിയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചതെന്ന് എസ്.പി ബ്രിജേഷ് മിശ്ര പറഞ്ഞു.

ദുബെയുടെ മരണത്തെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ അദ്ദേഹം ഇത് അര്‍ഹിക്കുന്നു എന്നായിരുന്നു റിച്ചയുടെ മറുപടി. ദുബെ തെറ്റ് ചെയ്തുവെന്ന് തന്നെ നിങ്ങളും പറ‍യുന്നു അല്ലേ, എന്ന ചോദ്യത്തിന് അദ്ദേഹം നിരവധി തെറ്റുകള്‍ ചെയ്തു എന്നാണ് റിച്ച മറുപടി നല്‍കിയത്.

നേരത്തേ വികാസ് ദുബെയുടെ പ്രവൃത്തികളുമായി ഒരു ബന്ധവുമില്ലെന്ന് വികാസിൻ്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ചു കൊണ്ട് വികാസ് ദുബെയുടെ അമ്മ സർലദേവി ദുബെ ഇന്നലെ പറഞ്ഞിരുന്നു.

വികാസ് ദുബെ ചെറുപ്പം മുതലേ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും കുടുംബാംഗങ്ങൾ നിരന്തരം അഭ്യർത്ഥിച്ചിട്ടും തന്റെ പാതയിൽ മാറ്റം വരുത്തിയില്ലെന്നുമാണ് സർലദേവി പറഞ്ഞത്.

ഏറ്റുമുട്ടലിനെക്കുറിച്ച് വിവരം ലഭിച്ചതിന് ശേഷം സർലദേവിയും ഇളയ മകൻ ദീപ് പ്രകാശിന്റെ ഭാര്യ അഞ്ജലിയും അവരുടെ ലഖ്‌നൗ വസതി തന്നെ പൂട്ടിയിടുകയായിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന റെയ്ഡിൽ എട്ട് പൊലീസുകാരുടെ ജീവൻ അപഹരിച്ചതിന് ഉത്തരവാദിയാണെന്ന കാരണത്താൽ മകനെ വെടിവച്ചുകൊന്നാൽ ഖേദമില്ലെന്ന് നേരത്തേ ദേവി പ്രതികരിച്ചിരുന്നു.