സ്വര്‍ണക്കടത്ത്; സരിത്തിൻ്റെയും സന്ദീപിൻ്റെയും ഭാര്യമാരുടെ രഹസ്യ മൊഴികളെടുക്കാൻ കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതികളായ സരിത്ത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യ മൊഴികളെടുക്കാനുള്ള നീക്കത്തില്‍ കസ്റ്റംസ്. ഇരുവരും നേരത്തെ തന്നെ കേസില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വിചാരണ ഘട്ടത്തില്‍ ഇവര്‍ മൊഴി മാറ്റാനുള്ള സാഹചര്യം ഒഴിവാക്കാനാണ് വീണ്ടും രഹസ്യ മൊഴിയെടുക്കാനുള്ള കസ്റ്റംസിന്റെ തീരുമാനം. അടുത്ത ആഴ്ച്ച ഇതിനായി കസ്റ്റംസ് അപേക്ഷ നല്‍കും.

ഓരോ തവണയും കള്ളക്കടത്തിനു മുന്‍പ് സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവര്‍ ചേര്‍ന്നു ഗൂഡാലോചന നടത്തിയിരുന്നതായി സന്ദീപിന്റെ ഭാര്യ സൗമ്യ മൊഴി നല്‍കിയിരുന്നു. കേസിലെ അറസ്റ്റിലായ സരിത്തിനെ ചോദ്യം ചെയ്തതില്‍ സ്വര്‍ണക്കടത്തില്‍ പങ്കാളികളായിട്ടുള്ള പ്രധാന കണ്ണികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിനു ലഭിച്ചു. അഞ്ചു പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു സരിത്ത് നല്‍കിയ മൊഴി. ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്തിലുള്ളവര്‍ക്ക് തീവ്രവാദ ബന്ധങ്ങളുണ്ടെന്നു സൂചനയും കസ്റ്റംസിനു ലഭിച്ചു. സരിത്തിനെ ഏഴു ദിവസം കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തിരുന്നു. നിലവില്‍ സരിത്ത് മാത്രമാണ് കേസില്‍ കസ്റ്റംസിന്റെ പിടിയിലുള്ളത്. മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതിന്റെ നടപടി ക്രമങ്ങളിലേക്ക് കടന്നിട്ടില്ല.
കഴിഞ്ഞ ഒരാഴ്ച്ചയായി ഒളിവിലുള്ള സ്വപനയെയും സന്ദീപിനെയും കുറിച്ച് യാതൊരു വിവരവും ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല.