തിരുവനന്തപുരം: കൊറോണ വ്യാപനത്തിൻ്റെ സൂചനകൾ നൽകി ആലപ്പുഴ ജില്ല. സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവും കൂടുതല്‍ പുതിയ കൊറോണ രോഗികള്‍ ആലപ്പുഴയിലാണ്. 87 പേര്‍. ഇതില്‍ 51 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതെ തുടർന്ന് തീരദേശത്ത് നിയന്ത്രണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപന സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചെല്ലാനം ഹാര്‍ബറില്‍ മത്സ്യബന്ധനത്തിനു പോയ ജില്ലയിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കും ഇതിലൊരു മത്സ്യത്തൊഴിലാളിയുടെ കുടുംബാംഗങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
താമരക്കുളം, നൂറനാട് മേഖലകളിലും, കായംകുളത്തും തീരദേശ മേഖലയിലും കൂടുതല്‍ ജാഗ്രതയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. നൂറനാട് ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബാരക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തിഗത ക്വാറന്‍റൈന്‍ സർക്കാർ ഉറപ്പാക്കും. നൂറനാട് ഐടിബിപി ക്യാമ്പിന് പുറത്ത് വീടുകളില്‍ കുടുംബമായി താമസിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരെയും കുടുംബാംഗങളെയും ക്വാറന്‍റൈനില്‍ ആക്കി. തീരദേശത്തെ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരെ കമ്യൂണിറ്റി സെന്‍ററുകളില്‍ നിയോഗിച്ചു. കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തയ്യാറാക്കുന്നു.
പത്തനംതിട്ട ജില്ലയില്‍ പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം 54 ആണ്. അതില്‍ 25 സമ്പര്‍ക്കം. പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്‍റ് സോണില്‍ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിലൂടെ ജൂലൈ 10ന് നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്.