ജയ്പൂർ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്ത്. ബി.ജെ.പി രാഷ്ട്രീയം കളിച്ച് തന്റെ സർക്കാറിനെ താഴെയിറക്കാൻ ശ്രമിക്കുന്നതായി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. കോൺഗ്രസ് എം.എൽ.എമാരെ ബിജെപി വിലയ്ക്കെടുക്കാൻ ശ്രമിക്കുകയാണെന്നും ഒരു കോൺഗ്രസ് എം.എൽ.എക്ക് 10 മുതൽ 15 കോടി വരെ വാഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
മഹാരാഷ്ട്രയിലും കർണാടകയിലും മധ്യപ്രദേശിലും ഗുജറാത്തിലും ബി.ജെ.പി ഇത്തരം കുതിരക്കച്ചവടം നടത്തിയിരുന്നു. രാജസ്ഥാനിലും അത് ആവർത്തിക്കാൻ പരിശ്രമിച്ചെങ്കിലും തടസ്സമായിരുന്നു ഫലം. സംഭവത്തിൽ ചീഫ് വിപ്പ് മഹേഷ് ജോഷി സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിനും ആന്റി കറപ്ഷൻ ബ്യൂറോക്കും പരാതി നൽകി. അതേസമയം സംഭവത്തിൽ ബി.ജെ.പി പ്രതികരിച്ചിട്ടില്ല.
ബി.ജെ.പി രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന കാരണത്താൽ കഴിഞ്ഞ ആഴ്ച ചീഫ് വിപ്പും ഡെപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൗധരിയും ചേർന്ന് എം.എൽ.എമാരെക്കൊണ്ട് സത്യപ്രസ്താവന ഒപ്പിട്ടുവാങ്ങിയിരുന്നു. 24 എം.എൽ.എമാർ പ്രസ്താവനയിൽ ഒപ്പുവെക്കുകയും ചെയ്തു. എന്തു തരത്തിലുള്ള പ്രകോപനമുണ്ടായാലും ഒരു കോൺഗ്രസ് എം.എൽ.എപോലും ബി.ജെ.പിയിലേക്ക് ചാടില്ലെന്നും കോൺഗ്രസ് സർക്കാർ കാലാവധി തികക്കുമെന്നും രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒപ്പുവെച്ച പ്രസ്താവനയിൽ പറയുന്നു. തെക്കൻ രാജസ്ഥാനിലെ കുശാൽഗഡിലെ ഒരു എം.എൽ.എയെ ബി.ജെ.പി സ്വാധീനിക്കാൻ ശ്രമിച്ചതായാണ് വിവരം.