ജനീവ: കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെ പ്രതികരണങ്ങൾ അവലോകനം ചെയ്യുന്നതിനുമായി ഒരു സ്വതന്ത്ര പാനല്‍ രൂപീകരിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനം യുഎസ്, ഐക്യരാഷ്ട്ര സഭയെ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് സ്വതന്ത്ര പാനല്‍ രൂപീകരണത്തെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം. പാനലിനു നേതൃത്വം നല്‍കാന്‍ മുന്‍ ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, മുന്‍ ലൈബീരിയന്‍ പ്രസിഡന്റ് ഐലന്‍ ഡോണ്‍സണ്‍ സര്‍ലീഫ് എന്നിവര്‍ സമ്മതിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.
17 വര്‍ഷത്തിനിടയില്‍ ഇത് ആറാം തവണയാണ് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നു ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. ലോകത്തെ എല്ലാവരെയും ബാധിച്ച ഈ മഹാമാരിയുടെ വ്യാപ്തിയെക്കുറിച്ച് വ്യക്തവും സത്യസന്ധവുമായ ഒരു വിലയിരുത്തല്‍ ആവശ്യമുണ്ടെന്ന് 194 അംഗ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങില്‍ ടെഡ്രോസ് അറിയിച്ചു. നവംബറില്‍ നടക്കുന്ന ആരോഗ്യ മന്ത്രിമാരുടെ വാര്‍ഷിക മീറ്റിങ്ങില്‍ ഇതു സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അടുത്ത മെയില്‍ പൂര്‍ണമായ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യും.