വികാസ് ദുബെയ്ക്ക് കാലനായി എത്തിയത് കന്നുകാലിക്കൂട്ടം ; ആത്മരക്ഷാർത്ഥം പോലീസ് വെടിവച്ചു

ന്യൂഡെൽഹി: കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് കാലനായി എത്തിയത് കന്നുകാലിക്കൂട്ടം. ഇയാളെ കൊണ്ടുപോയ വാഹനം അപകടത്തിൽ പെട്ടത് കന്നുകാലിക്കൂട്ടം മുന്നിൽ വന്നതിനാലാണെന്ന് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്. വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനം മറിഞ്ഞതിനെ തുടർന്ന് ഒരു പൊലീസ് ഓഫീസറുടെ പിസ്റ്റൾ തട്ടിയെടുത്ത ദുബെ രക്ഷപ്പെടാൻ ശ്രമിച്ചു. അകമ്പടി വാഹനം മറിഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.

കന്നുകാലിക്കൂട്ടം മുന്നിൽ വന്നപ്പോൾ ഡ്രൈവർ വണ്ടി പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ദുബെയെയുടെ അടുത്തെത്തി അയാളെ ജീവനോടെ പിടിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. പക്ഷേ, അയാൾ തുടർച്ചയായി വെടിയുതിർത്തതിനെ തുടർന്ന് സ്വയരക്ഷക്കായി പൊലീസിനു തിരിച്ച് വെടിവെക്കേണ്ടി വന്നു എന്നും വാർത്താ കുറിപ്പിൽ പറയുന്നു.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. ദുബെയുമായി വന്ന വാഹനത്തിന് അകമ്പടി വന്ന മൂന്ന് വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് വികാസ് ദുബെ രക്ഷപ്പെടുകയായിരുന്നു. ആത്മരക്ഷാർത്ഥമാണ് വികാസ് ദുബെയ്ക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. അപടകത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഇൻസ്‌പെക്ടർക്കും രണ്ട് കോൺസ്റ്റബിൾമാർക്കും പരുക്കേറ്റിട്ടുണ്ട്.