തിരുവനന്തപുരം നഗരത്തിൽ ലോക്ക്ഡൗൺ നീട്ടി; അതിവ്യാപന മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം: നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നീട്ടി. നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവ്യാപന മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്ത് സാമൂഹിക വ്യാപനമില്ല. സൂപ്പർ സ്‌പ്രെഡ്‌ മാത്രമാണുള്ളത്. സമൂഹവ്യാപനം എന്ന ഭീതിജനകമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചില ക്ലസ്റ്ററുകളിൽ സൂപ്പർ സ്‌പ്രെഡ് എന്ന നിലയിലേക്ക് രോഗവ്യാപനം എത്തിയത്. അതിന്റെ ഭാഗമായാണ് സമ്പർക്കവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വർധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിൽ മാർച്ച് 11നാണ് കൊറോണ കേസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇന്നലെ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ഇവിടെ 481 കേസുകളാണ് ഉള്ളത്. ഇതിൽ 215 പേർ വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലും നിന്നെത്തിയവരാണ്. എന്നാൽ സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത് 266 പേർക്കാണ്. ഇന്നുമാത്രം 129 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ 105 പേർക്കും വൈറസ് ബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്.