ലഖ്‌നൗ: ഉത്തര്‍പ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശ് അപരാധ് പ്രദേശ്(കുറ്റങ്ങളുടെ തലസ്ഥാനം) ആയി മാറിയെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപെടുത്തി . ട്വിറ്റര്‍ വീഡിയോയിലൂടെയിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. കാണ്‍പൂരില്‍ ഗുണ്ടാസംഘം പൊലീസുകാരെ കൊലപ്പെടുത്തിയതും തുടര്‍ന്നുണ്ടായ എന്‍കൗണ്ടറുകളില്‍ പ്രധാന പ്രതി വികാസ് ദുബെ അടക്കം കൊല്ലപ്പെട്ടതും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.
വികാസ് ദുബെയെപ്പോലുള്ള ക്രിമിനലുകള്‍ വിളയാടുകയാണെന്നും ബിജെപിയുടെ ഭരണത്തിന് കീഴില്‍ സംസ്ഥാനം അപരാധ് പ്രദേശായി മാറിയെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. കാണ്‍പൂര്‍ സംഭവങ്ങളിലെ വസ്തുത പുറത്തുകൊണ്ടുവരാന്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്. വികാസ് ദുബെയെപ്പോലുള്ള ക്രിമിനലുകളെ ആരാണ് സഹായിച്ചതെന്ന് പുറത്തുവരണം. ക്രിമിനലുകളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവരാതെ നീതി നടപ്പാകില്ലെന്നും പ്രിയങ്ക പറഞ്ഞു.
‘ഉത്തര്‍പ്രദേശിനെ ബിജെപി സര്‍ക്കാര്‍ കുറ്റങ്ങളുടെ തലസ്ഥാനമാക്കി മാറ്റി. കൊലപാതകത്തിലും നിയമവിരുദ്ധ ആയുധങ്ങളിലും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദലിതുകള്‍ക്കുമെതിരെ കുറ്റകൃത്യം നടക്കുന്നതില്‍ സംസ്ഥാനം ഒന്നാമതായി. നിയമപരിപാലനം പൂര്‍ണമായി തകര്‍ന്നു. ഈ സാഹചര്യങ്ങളിലാണ് വികാസ് ദുബെയെപ്പോലുള്ള ക്രിമിനലുകള്‍ വളരുന്നത്. അവര്‍ക്ക് വലിയ ബിസിനസുണ്ട്. അവര്‍ കുറ്റം ചെയ്യുന്നു, ആരും അവരെ തടയില്ല’-പ്രിയങ്കാ ഗാന്ധി പറഞ്ഞു.