ഇന്ത്യയിലെ സ്വകാര്യ വാർത്ത ചാനലുകളുടെ പ്രക്ഷേപണം നേപ്പാളിൽ തടഞ്ഞു

കാഠ്മണ്ഡു; ഇന്ത്യയിലെ സ്വകാര്യ വാർത്ത ചാനലുകളുടെ പ്രക്ഷേപണം നേപ്പാളിൽ തടഞ്ഞു. നേപ്പാളിന്റെ ദേശീയ താത്പര്യത്തിന് വിരുദ്ധമായി വാർത്തകൾ നൽകുന്ന പാശ്ചാത്തലത്തിലാണ് നടപടി എന്നാണ് വിശദീകരണം. ദൂരദര്‍ശൻ ചാനലിന് വിലക്കില്ല.

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയിലെ സ്വകാര്യ വാർത്ത ചാനലുകളുടെ പ്രക്ഷേപണം തടഞ്ഞ നടപടി നേപ്പാളിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. പ്രാധാനമന്ത്രി പി.കെ ശർമ ഒലി സർക്കാരിനെതിരെ ഇന്ത്യൻ മാധ്യമങ്ങൾ വസ്തുതക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി.

ഉപപ്രധാനമന്ത്രിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവുമായ നാരായണ്‍ കാജി ശ്രേസ്തയുടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരേയുള്ള പ്രസ്താവനയ്ക്കു പിന്നാലെയാണ് നേപ്പാളില്‍ കേബിള്‍ ടിവി സേവനം നല്‍കുന്ന മള്‍ട്ടി സിസ്റ്റം ഓപറേറ്റര്‍മാര്‍ ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ പ്രക്ഷേപണം ചെയ്യേണ്ടെന്ന് സ്വമേധയാ തീരുമാനിച്ചത്.

നേപ്പാളിനും രാജ്യത്തിന്റെ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കുമെതിരേ ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുകയാണെന്നും അവരത് അവസാനിപ്പിക്കണമെന്നുമായിരുന്നു നാരായണന്‍ കാജിയുടെ പ്രസ്താവന. ഇന്ത്യന്‍ മാധ്യമങ്ങള്‍ നേപ്പാളിലെ സര്‍ക്കാരിനെ അവതരിപ്പിക്കുന്ന രീതി അവശ്വസനീയമാണെന്ന് നാരായണന്‍ ട്വീറ്റ് ചെയ്തിരുന്നു. പുതുതായി നിര്‍മ്മിച്ച മാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കും നേപ്പാളിനുമിടയില്‍ കടുത്ത അസ്വസ്ഥതകള്‍ നിലവിലുണ്ട്. എന്നാല്‍ ചൈനീസ്, പാകിസ്ഥാനി വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. അവയുടെ സംപ്രേഷണം രാജ്യത്ത് തുടരുകയാണ്.