ഡിജിപി സ്ഥാനത്തു നിന്നും ബഹ്റയെ മാറ്റിയില്ലെങ്കിൽ സ്വർണക്കടത്ത് അന്വേഷണം നീതി പൂർവ്വകമാകില്ല: ധനപാലൻ

കൊച്ചി: സംസ്ഥാന പോലീസ് മേധാവി നേരത്തെ എൻഐഎ തലവനായിരുന്നതിനാൽ സ്വർണ്ണ കടത്ത് കേസ് എൻഐഎ അന്വേഷിക്കുന്ന സാഹചര്യത്തിൽ ഡിജിപിസ്ഥാനത്തു നിന്നും ലോകനാഥ് ബഹ്റയെ മാറ്റി മറ്റാർക്കെങ്കിലും ചുമതല നൽകിയില്ലെങ്കിൽ അന്വേഷണം നീതി പൂർവ്വകമാകില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെപി ധനപാലൻ.

സ്വർണ്ണ കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ സുരക്ഷിതമായി ഒളിപ്പിക്കാൻ അവസരമൊരുക്കിയതിൽ ഉന്നതരായ ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരും ഉപദേശകരുമൊക്കെ ഉണ്ടെന്നും ധനപാലൻ കുറ്റപ്പെടുത്തി.

വിവിധ വകുപ്പുകളിലായി എട്ട് ഉപദേഷ്ടാക്കളുടെ നടുവിലിരുന്ന് ഭരണം നടത്തുന്ന മുഖ്യമന്ത്രി സ്വന്തം ഓഫീസിൽ അന്താരാഷ്ട കുറ്റവാളിയായ സ്ത്രീ നിയമിക്കപ്പെട്ടതും യഥേഷ്ടം വിലസിയതും അറിഞ്ഞില്ല എന്നു പറയുന്നത് ലജ്ജാകരമാണ്. മുഖ്യമന്ത്രി സ്വന്തം ഉപദേഷ്ടാക്കളെ പിരിച്ചുവിട്ട് സ്വർണ്ണകടത്തിൽ ഇവരിലാർക്കെങ്കിലുമൊക്കെ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ധനപാലൻ ആവശ്യപ്പെട്ടു

എട്ട് വിഭാഗങ്ങളിലാണ് മുഖ്യമന്ത്രി ഉപദേഷ്ടാക്കളെ നിയമിച്ചിട്ടുള്ളത്, ഇവരിൽ ചിലർ മുഖ്യമന്ത്രിയുടെ സ്വദേശത്തെയും വിദേശത്തെയും യാത്രകളിൽ സ്ഥിരം അനുഗമിക്കുന്നവരാണ്. മുഖ്യമന്ത്രിയുമായുള്ള അടുപ്പം മുതലെടുത്ത് വിദേശി സംഘങ്ങളുമായി വലിയ ബന്ധമുണ്ടാക്കിയവരുമുണ്ട്. ഈ ബന്ധങ്ങളിൽ സ്വർണ്ണ കടത്തുകാരുടെ കണ്ണികളുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ധനപാലൻ പറഞ്ഞു.