ന്യൂഡെൽഹി: കൊറോണ വ്യാപനത്തിനിടയിൽ സര്‍വകലാശാലകള്‍ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക’ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് രാഹുൽ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികളെ അവരുടെ മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പാസ്സാക്കണമെന്നും രാഹുല്‍ പറഞ്ഞു.
“കൊറോണ വ്യാപനം മൂലം നിരവധി പേര്‍ക്ക് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ക്കും ഒരുപാട് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. ഐഐടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കി വിദ്യാര്‍ഥികളെ പാസ്സാക്കണം. യു.ജി.സിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് കയറ്റം നല്‍കണം.” രാഹുല്‍ ഗാന്ധി പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 26,506 കേസുകളാണ് ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 7,93,802 ആയി ഉയര്‍ന്നു. 21,604 പേരാണ് രാജ്യത്ത് മരിച്ചത്. 4.95 ലക്ഷം പേര്‍ രോഗമുക്തരായി.