ന്യൂഡെൽഹി։ ഐസിഎസ്ഇ പത്താം ക്ലാസിലെയും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. www.cisce.org എന്ന വെബ്‌സൈറ്റിൽ യുണീക് ഐഡി, ഇൻഡക്‌സ് നമ്പർ എന്നിവ നൽകി ഫലമറിയാൻ സാധിക്കും. ഇതിന് പുറമെ, സ്‌കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും ഫലം അറിയുവാൻ സാധിക്കും.
എസ്എംഎസിലൂടെ ഐസിഎസ്ഇ ഫലത്തിനായി ICSE ഏഴക്ക ഐഡി നമ്പർ ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്കാണ് SMS അയക്കേണ്ടത്. ഐഎസ് സി വിദ്യാർത്ഥികൾ ISC ഏഴക്ക ഐഡി നമ്പർ SMS ചെയ്യണം.
നേരത്തെ പരീക്ഷകൾ ഫെബ്രുവരി 27 മുതൽ മാർച്ച് 30 വരെ നടക്കേണ്ടതായിരുന്നു. എന്നാൽ കൊറോണ രോഗ ബാധയെ തുടർന്ന് പരീക്ഷകൾ മാറ്റി വച്ചു. പിന്നീട്, പരീക്ഷകൾ ജൂലൈയിൽ നടത്താനായിരുന്നു ബോർഡിന്റെ പദ്ധതി. എന്നാൽ, രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉയർന്ന പരാതിയെ തുടർന്ന് അത് ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ബോർഡ് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പത്താം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ വേണ്ടെന്നു വച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. എന്നാൽ 12ാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ എഴുതാൻ താത്പര്യമുള്ളവർക്ക് സാഹചര്യം മെച്ചപ്പെടുമ്പോൾ അതിനുള്ള അവസരം നൽകും. അല്ലാത്തവരുടെ ഫലം കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ഫലത്തിന് അനുസരിച്ച് പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.