എടിഎം കൊറോണ ബാധയ്ക്ക് കാരണമാകുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം : എടിഎം കൊറോണ ബാധയ്ക്ക് കാരണമാകുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൊറോണ പകര്‍ന്നത് എടിഎം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എടിഎം വില്ലനായത്. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഇവിടെ ഒരു ആശാപ്രവര്‍ത്തകയ്ക്ക് കൊറോണ പകര്‍ന്നത് എടിഎം വഴിയാണെന്നാണ് നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എടിഎമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എടിഎം സന്ദര്‍ശിച്ച മറ്റൊരാള്‍ക്കും കൊറോണ കണ്ടെത്തിയിട്ടുണ്ട്.

ഇയാളില്‍ നിന്നും ഭാര്യയ്ക്കും അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപെട്ടു. ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂണ്‍ 30 വരെ തുടക്കത്തില്‍ ഉറവിടം കണ്ടെത്താനാകാതിരുന്ന 166 പേരില്‍ 125 പേരുടെ രോഗപ്പകര്‍ച്ച സാധ്യതയാണ് കണ്ടെത്തിയിട്ടുള്ളത്. ബാക്കി 41 പേരെക്കുറിച്ച് അന്വേഷണം തുടരുകയാണ്