കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും കര്‍ക്കിടക വാവ് ബലിതര്‍പ്പണം ഒഴിവാക്കി

തൃശ്ശൂര്‍: കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ കർക്കിട വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കി. ബലിതര്‍പ്പണത്തിന് ആളുകള്‍ കൂട്ടമായി എത്തിയാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നതിനാലാണ് ചടങ്ങുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതേസമയം ഗുരുവായൂർ ക്ഷേത്രത്തിൽ കൊറോണ പ്രോട്ടോകോൾ പാലിച്ച് വിവാഹങ്ങള്‍ നടത്താം. അനുമതി ലഭിച്ചത് ഇന്നു മുതലാണ്. കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ചാണ് ചടങ്ങ് നടത്തുക. നേരിട്ടും ഓണ്‍ലൈനായും വിവാഹം ബുക്ക് ചെയ്യാം.

മലബാർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും നേരത്തെ ബലിതർപ്പണത്തിന് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കർക്കിടക വാവു പോലുള്ള വിശേഷ ദിവസങ്ങളിലെ ബലിതർപ്പണത്തിനാണ് സമ്പൂർണ്ണ വിലക്ക്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ദേവസ്വം കമ്മീഷണർ വിലക്ക് ഏർപ്പെടുത്തിയത്. ഭക്തർ കൂട്ടമായി എത്തുന്നതിനാൽ കൊറോണ മാനദണ്ഡം പാലിക്കാൻ കഴിയാതിരിക്കുകയും സമൂഹ വ്യാപനത്തിന് കാരണമാവുകയും ചെയ്തേക്കാമെന്നതിനാലാണ് തീരുമാനം.