ന്യൂഡെൽഹി: യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂറിന്റെ 2,200 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. ഡിഎച്ച്എഫ്എൽ പ്രൊമോട്ടർമാരായ കപിൽ, ധീരജ് ധവാൻ എന്നിവരുടെ വസ്തുവകകളും ഇഡി കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച നിയമപ്രകാരമാണ് നടപടി.
കപൂറിന്റെ വിദേശത്തുള്ള ചില വസ്തുവകകളുടെ കൈമാറ്റവും ഇഡി തടഞ്ഞിട്ടുണ്ട്. കുടുംബത്തിനും യെസ് ബാങ്കിൽ നിന്ന് 4300 കോടി രൂപയുടെ അനധികൃത വായ്പ നൽകുകയും പിന്നീട് അത് കിട്ടാകടമായി എഴുതി തള്ളുകയുമായിരുന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ്.
മാർച്ചിലാണ് എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് റാണാ കപൂറിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഡിഎച്ച്എഫ്എലുമായി ക്രമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തിലായിരുന്നു റാണ കപൂറിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.
ഡിഎച്ച്എഫ്എലിന് വായ്പ അനുവദിച്ചതിന് പിന്നാലെ റാണ കപൂറിന്‍റേയും മക്കളുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നാണ് ആരോപണം. ഇത് ശരിയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിലെ കണ്ടെത്തല്‍.