സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് ഞാറയ്ക്കൽ സ്വദേശി ട്രേഡ് യൂണിയന്‍ നേതാവ്

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയെത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ്. ഞാറയ്ക്കല്‍ സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവാണ് വിളിച്ചതെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. പിടികൂടിയ പായ്ക്കറ്റിനു നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ‘പണിതെറിക്കു’മെന്ന് ഇദ്ദേഹം ഭീഷണിപ്പെടുത്തി.

എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ യൂണിയന്‍ നേതാവ് നേരിട്ട് ഇടപെടുത്തിയെന്നും വ്യക്തമായി. സ്വര്‍ണമെത്തിയ പാഴ്‌സല്‍ പൊട്ടിച്ചു പരിശോധിക്കും മുന്‍പു യുഎഇയിലേക്കു തിരികെ അയപ്പിക്കാനും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തി. ഇടപെടല്‍ ഇത്ര ശക്തമായപ്പോഴാണ്, നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം പോലെ അനധികൃതമായി എന്തോ ഉണ്ടെന്ന രഹസ്യവിവരം കസ്റ്റംസ് സ്ഥിരീകരിക്കുന്നത്.

കള്ളക്കടത്തു പുറത്തറിഞ്ഞതോടെ സ്വപ്ന സുരേഷിനെ തിരുവനന്തപുരം വിടാന്‍ സഹായിച്ചതും ഈ ട്രേഡ് യൂണിയന്‍ നേതാവാണെന്ന് സൂചനയുണ്ട്. നേതാവിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീടുകള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്‍ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയതായും സൂചനയുണ്ട്. കള്ളക്കടത്തില്‍ സ്വപ്നയുടെ കൂട്ടാളി സന്ദീപ് നായര്‍ പലപ്പോഴും ഇദ്ദേഹത്തിന്റെ വീടു സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള നേതാവിനു കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റുമാര്‍ക്കിടയിലും വലിയ സ്വാധീനമുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കു വരുന്ന മുഴുവന്‍ പാഴ്‌സലുകളും ഇദ്ദേഹത്തിന്റെ കൂടി മേല്‍നോട്ടത്തിലാണ് പുറത്തു കടത്തിയിരുന്നത്. ട്രേഡ് യൂണിയന്‍ നേതാവ് സ്ഥിരമായി ഉപയോഗിച്ചിരുന്ന കാര്‍ സംഭവത്തിനു ശേഷം കാണാതായതും സംശയങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്. സ്വപ്നയോ സന്ദീപോ ഈ കാറില്‍ കടന്നിരിക്കാനുള്ള സാധ്യതയും കസ്റ്റംസ് അധികൃതര്‍ സംശയിക്കുന്നുണ്ട്.