കൊച്ചി : യുഎഇ കോണ്‍സുല്‍ ജനറലിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ഡിപ്ലാമോറ്റിക് കാര്‍ഗോയെപ്പറ്റി അന്വേഷിക്കാനെത്തിയതെന്ന് സ്വപ്‌ന സുരേഷ്. സ്വര്‍ണ്ണക്കടത്തുകേസില്‍ താന്‍ നിരപരാധിയാണ്. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നു.
കൊറോണ കാലമായതിനാല്‍ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സല്‍ വൈകി. ഇക്കാര്യം അന്വേഷിക്കാന്‍ ജൂണ്‍ 30 ന് തന്നോട് ആവശ്യപ്പെട്ടു. അതനുസരിച്ച് അക്കാര്യം അന്വേഷിച്ചതെന്നും സ്വപ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്നും സ്വപ്‌ന വ്യക്തമാക്കി.
താന്‍ ഇപ്പോഴും യുഎഇ കോണ്‍സുലേറ്റിലെ താല്‍ക്കാലിക ജോലിക്കാരിയാണ്. കോണ്‍സുലേറ്റില്‍ നിന്നും പോന്നശേഷവും തന്റെ സഹായം തേടിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യപ്പെടുന്നത് അനുസരിച്ച് താന്‍ ഇപ്പോഴും ജോലി ചെയ്തുകൊടുക്കുന്നുണ്ടെന്നും ജാമ്യാപേക്ഷയില്‍ സ്വപ്ന വ്യക്തമാക്കുന്നു.
കോണ്‍സുലേറ്റ് ജനറല്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് നയതന്ത്ര പാഴ്‌സല്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത്. പിന്നീട് കോണ്‍സുല്‍ ജനറല്‍ നേരിട്ടെത്തി. പാഴ്‌സല്‍ തന്റേതെന്ന് സമ്മതിച്ചു. ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തയാളാണ് താന്‍. അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് ഒന്നും വെളിപ്പെടുത്താനില്ല.
തന്റെ യോഗ്യത സംബന്ധിച്ച കത്ത് വ്യാജമല്ല. കോണ്‍സല്‍ ജനറലിന്റെ സാക്ഷ്യപത്രം വ്യാജമല്ല. ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണ്. കേസന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും സ്വപ്‌ന ജാമ്യാപേക്ഷയില്‍ പറയുന്നു.