ലഖ്‌നൗ: യു.പിയിലെ ചിത്രകൂട്ട് ഖനന മേഖലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തിൽ സർക്കാറിനെതിരെ രാഹുൽ ഗാന്ധി. വാർത്ത ട്വിറ്ററിൽ ഷെയർ ചെയ്താണ് രാഹുലിന്റെ വിമർശനം. ആസൂത്രണമില്ലാത്ത ലോക്ഡൗൺ മൂലം കുടുംബങ്ങൾ പട്ടിണിയിലാണ്.
അവരെ രക്ഷിക്കാൻ ഈ പെൺകുട്ടികൾക്ക് കനത്ത വില നൽകേണ്ടി വരുന്നു. ഇതാണോ നാം സ്വപ്നം കണ്ട ഇന്ത്യയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഡൽഹിയിൽ നിന്നും 700 കിലോ മീറ്റർ അകലെ ബുന്ദേൽഘാണ്ഡ് മേഖലയിലെ ചിത്രകൂട്ടിലാണ് പെൺകുട്ടികൾ കടുത്ത പീഡനത്തിനിരയാവുന്നത്. ലോക്ക്ഡൗണിൽ വരുമാനം നിലച്ച കുടുംബത്തെ പോറ്റാനായി ഇവിടത്തെ പെൺകുട്ടികൾക്ക് അനധികൃത ഖനികളിൽ പണിക്ക് പോകേണ്ടി വരുന്നത്. എന്നാൽ കൃത്യമായ കൂലി ഇവർക്ക് ലഭിക്കാറില്ലെന്ന് പെൺകുട്ടികളിലൊരാൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
പണം ലഭിക്കണമെങ്കിൽ ശരീരം വിൽക്കണം. ഇതിന് തയാറാവത്തവർക്ക് കൂലി നൽകില്ല. കൊലപ്പെടുത്തുമെന്ന ഭീഷണി വേറെയും. ഖനികൾക്ക് സമീപമുള്ള കുന്നുകൾക്ക് പിന്നിലായി കരാറുകാർ കിടക്കകൾ കൊണ്ടുവച്ചിട്ടുണ്ട്. അങ്ങോട്ട് കൊണ്ടുപോയാണ് പീഡിപ്പിക്കുന്നത്. വഴങ്ങിക്കൊടുത്തില്ലെങ്കിൽ മർദിക്കുമെന്ന് പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞു. 300 മുതൽ 400 രൂപ വരെ നൽകാമെന്ന് പറഞ്ഞാണ് പെൺകുട്ടികളെ പണിക്കെടുക്കുന്നത്. എന്നാൽ, 200 രൂപ വരെയെ കരാറുകാർ നൽകുവെന്ന് വാർത്ത പുറത്തുകൊണ്ടുവന്ന ഇന്ത്യ ടുഡേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.