ലക്നൗ: ഉത്തർപ്രദേശിൽ എട്ട് പൊലീസുകാരെ ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തി രക്ഷപ്പെട്ട കൊടും കുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശിൽ നിന്നും പിടികൂടി.
മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ മഹാകാൾ ക്ഷേത്രത്തിൽ നിന്നും ഇന്നു പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം.
വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ യുപി പൊലീസ് വകവരുത്തിയിരുന്നു. പ്രഹ്ളാദ് എന്ന അനുയായി അറസ്റ്റ് ചെയ്തെങ്കിലും ഇയാൾ പൊലീസിൻ്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഏറ്റുമുട്ടലുണ്ടാവുകയും കൊലപ്പെടുകയും ചെയ്തുവെന്നാണ് യുപി പൊലീസ് നൽകുന്ന വിശദീകരണം. കഴിഞ്ഞയാഴ്ച കാൺപൂരിൽ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരായിരുന്നു കൊല്ലപ്പെട്ടത്.
ഡൽഹിക്കടുത്ത് ഫരീദാബാദിലെ ഹോട്ടലിൽ വികാസ് നിൽക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നെങ്കിലും പൊലീസ് എത്തുംമുമ്പ് രക്ഷപ്പെട്ടിരുന്നു. ഒളിവില്‍പോകാന്‍ സഹായിച്ച അങ്കുർ, ശ്രാവൺ, കാർത്തികേയ് എന്നിവരെ അറസ്റ്റ് ചെയ്‌തത് വഴിത്തിരിവായി. വിവരം നൽകുന്നവർക്കുള്ള പാരിതോഷികം 2.5 ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമാക്കി യുപി പൊലീസ് ഉയര്‍ത്തിയിരുന്നു. അതിനിടെ, വികാസ് ദുബെയുടെ അടുത്ത അനുയായി അമർ ദുബെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വലതുകാൽമുട്ടിന് വെടിയേറ്റ മറ്റൊരു അനുയായി ശ്യാമു ബാജ്‌പേയി അറസ്റ്റിലായി. ബുധനാഴ്‌ച രാവിലെ ഹാമിർപുരിലെ മൗദാഹയിലാണ് ഏറ്റുമുട്ടലുണ്ടായത്. വികാസ് ദുബെയെ രക്ഷപ്പെടാൻ സഹായിച്ച ഇൻസ്‌പെക്ടർ വിനയ് തിവാരി അറസ്റ്റിൽ. ചൗബേപുർ സ്‌റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ഇയാളെ സസ്‌പെൻഡ് ചെയ്‌തിരുന്നു. സ്‌റ്റേഷനിലെ ബീറ്റ് ഇൻ ചാർജ് കെ കെ ശർമയും അറസ്റ്റിലായി. കഴിഞ്ഞ വെള്ളിയാഴ്‌ച വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻ പോയ സംഘത്തിലുണ്ടായിരുന്ന ഇരുവരും സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സംഭവസ്ഥലത്തുനിന്ന് കടന്നതായി വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായതോടെയാണ് നടപടി.